”ഉണ്ണീശോയ്ക്ക് ഒരുടുപ്പ്”: കരുണയുടെ കരസ്പര്ശവുമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപത
മെല്‍ബണ്‍: കരുണയുടെയും സാന്ത്വനത്തിന്റെയും വേറിട്ട ശബ്ദവുമായി ക്രിസ്മസ്സിനെ വരവേല്‍ക്കാന്‍ ഒരുങ്ങകയാണ് മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത. ഡിസംബര്‍ മാസത്തില്‍ ”ഉണ്ണീശോയ്ക്ക് ഒരുടുപ്പ്” എന്ന പദ്ധതിയുടെ ഭാഗമായി രൂപതയിലെ കുഞ്ഞുമക്കള്‍ ചെറിയ പ്രാശ്ചിത്ത പ്രവര്‍ത്തികളിലൂടെയും ആശയടക്കങ്ങളിലൂടെയും ഓരോ ദിവസവും മാറ്റിവച്ച ചെറിയ സമ്പാദ്യം ഉണ്ണീശോയ്ക്കുള്ള അവരുടെ സമ്മാനമായി ക്രിസ്മസ്സ് ദിവസം ദേവാലയങ്ങളില്‍ കൊണ്ടു വരികയും ക്രിസ്മസ്സ് കുര്ബാനക്കിടയില് അത് സമര്‍പ്പിക്കുകയും ചെയ്യും. രൂപതാതലത്തില്‍ സമാഹരിക്കുന്ന ഈ തുക കേരളത്തിലെ കുന്നന്താനം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ദൈവ പരിപാലനയുടെ സഹോദരികള്‍’ നടത്തുന്ന ആതുരാലയങ്ങളിലെ നിത്യരോഗികളായ അന്തേവാസികള്‍ക്ക് മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ ക്രിസ്മസ്സ് സമ്മാനമായി നല്‍കും. ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെയും അംഗപരിമിതരുടെയും വിവിധ രോഗങ്ങളാല്‍ മരണത്തെ പ്രതീക്ഷിച്ച് കഴിയുന്നവരുടെയും ആശാകേന്ദ്രമാണ് ദൈവ പരിപാലനയുടെ സഹോദരികള്‍ എന്ന പേരിലറിയപ്പെടുന്ന സിസ്റ്റേഴ്സ് നടത്തുന്ന കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള പത്തോളം ഭവനങ്ങള്‍. പരിശുദ്ധ പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന കരുണയുടെ ജൂബിലി വര്‍ഷത്തിലെ ഈ ക്രിസ്മസ്സ് സുദിനം അനാഥരെയും പാവപ്പെട്ടവരെയും രോഗങ്ങളാല്‍ വലയുന്നവരെയും സഹായിക്കാനുള്ള വലിയ അവസരമായി കണ്ടുകൊണ്ട് രൂപതയുടെ ഈ പദ്ധതിയോട് സഹകരിക്കാന്‍ രൂപത അധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ ആഹ്വാനം ചെയ്തു. ഈശോയില്‍ ദൈവത്തിന്റെ സ്നേഹം അനുഭവിക്കുകയും അത് എല്ലാവരുമായി പങ്കുവയ്ക്കാനും കഴിയുന്ന സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു ക്രിസ്മസ്സ് ആഘോഷിക്കുവാന്‍ എല്ലാവര്ക്കും കഴിയട്ടെ എന്ന് ബിഷപ്പ് ബോസ്കോ പുത്തൂര്‍ ആശംസിച്ചു.