സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭ രജതജൂബിലി നിറവിൽ
ഈശോയുടെ ശിഷ്യനും ഭാരതത്തിന്റെ അപ്പസ്തോലനുമായ തോമാശ്ലീഹായാൽ സ്ഥാപിതമായ സീറോ മലബാർ സഭയെ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി ജോണ് പോൾ രണ്ടാമൻ മാർപാപ്പ ഉയർത്തിയിട്ട് ഇന്ന് 25 വർഷം പൂർത്തിയാകുകയാണ്. ലോകമെന്പാടുമായി വ്യാപിച്ചുകിടക്കുന്ന 34 രൂപതകളിലും കാനഡയിലെ എക്സാർക്കേറ്റിലും യൂറോപ്പിലെയും ന്യൂസിലൻഡിലെയും അപ്പസ്തോലിക് വിസിറ്റേഷനുകളിലുമായി അന്പതു ലക്ഷത്തോളം വിശ്വാസികളും 62 മെത്രാന്മാരും ഒൻപതിനായിരത്തോളം വൈദികരും ഇരുനൂറോളം സന്യാസ സഹോദരന്മാരും മുപ്പത്താറായിരത്തോളം സന്യാസിനികളും അടങ്ങുന്നതാണ് ഈ സഭ.
ചരിത്രപശ്ചാത്തലം
1887 മേയ് 20-ന് ലെയോ പതിമ്മൂന്നാമൻ മാർപാപ്പ ക്വോദ് യാം പ്രീദം എന്ന ശ്ലൈഹിക തിരുവെഴുത്തുവഴി വരാപ്പുഴ അതിരൂപതയിൽ നിന്നു പൗരസ്ത്യ കത്തോലിക്കരെ വേർതിരിച്ച് തൃശൂർ, കോട്ടയം വികാരിയാത്തുകൾ സ്ഥാപിച്ചു. തദ്ദേശീയരായ മെത്രാന്മാരെ ലഭിക്കുന്നതിനുള്ള മാർത്തോമാ ക്രിസ്ത്യാനികളുടെ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി 1896-ൽ തൃശൂർ, എറണാകുളം, ചങ്ങനാശേരി എന്നീ മൂന്നു വികാരിയാത്തുകളായി പുനർനിർണയിക്കപ്പെടുകയും നാട്ടുമെത്രാന്മാർ അപ്പസ്തോലിക വികാരിമാരായി നിയമിക്കപ്പെടുകയും ചെയ്തു. 1911-ൽ തെക്കുംഭാഗക്കാർക്കു മാത്രമായി ഒരു വികാരിയാത്തും (കോട്ടയം) സ്ഥാപിക്കപ്പെട്ടു.
നാട്ടുമെത്രാന്മാരുടെ നിയമനത്തോടെ സീറോ മലബാർ സഭ അഭൂതപൂർവമായ വളർച്ചയും പുരോഗതിയും കൈവരിക്കുന്നുവെന്നു മനസിലാക്കിയാണ് 1923 ഡിസംബർ 21-ന് പതിനൊന്നാം പീയൂസ് പാപ്പാ സീറോ മലബാർ ഹയരാർക്കി സ്ഥാപിച്ചത്. മാർപാപ്പ എറണാകുളം വികാരിയാത്തിനെ അതിരൂപത പദവിയിലേക്ക് ഉയർത്തുകയും തൃശൂർ, ചങ്ങനാശേരി, കോട്ടയം എന്നിവയെ അതിന്റെ സാമന്തരൂപതകളായി നിശ്ചയിക്കുകയും ചെയ്തു.
തദ്ദേശീയ ഹയരാർക്കിയുടെ സ്ഥാപനം സീറോ മലബാർ സഭയുടെ അധികാര പരിധിയും രൂപതകളുടെ എണ്ണവും വർധിക്കാനിടയാക്കി. 1956-ജൂലൈ 29-ന് പന്ത്രണ്ടാം പീയൂസ് പാപ്പാ ചങ്ങനാശേരിയിൽ രണ്ടാമത്തെ സഭാപ്രവിശ്യ സ്ഥാപിക്കുകയും പാലാ, കോട്ടയം രൂപതകളെ അതിന്റെ സാമന്തരൂപതകളായി പ്രഖ്യാപിക്കുകയും ചെയ്തു. എങ്കിലും നിയമപരമായ അസ്തിത്വമോ നിയതമായ പൗരസ്ത്യ ഭരണക്രമമോ ഈ കാലയളവിൽ സഭയ്ക്ക് സംജാതമായിരുന്നില്ല. തന്മൂലം സീറോ മലബാർ ഹയരാർക്കിയും സഭാപ്രവിശ്യകളും ലത്തീൻ കാനോൻനിയമത്തിന്റെ അനുശാസനങ്ങൾക്ക് അനുസൃതമായിട്ടായിരുന്നു സ്ഥാപിക്കപ്പെട്ടത്.
മേജർ ആർക്കി എപ്പിസ്കോപ്പൽ സഭാപദവി
പൗരസ്ത്യ പാരന്പര്യമനുസരിച്ചുള്ള സഭാഭരണഘടനയിൽപ്പെട്ടതാണു മേജർ ആർക്കി എപ്പിസ്കോപ്പൽ ഭരണസംവിധാനം. 1991 ഒക്ടോബർ ഒന്നിനു പ്രാബല്യത്തിൽ വന്ന പൗരസ്ത്യനിയമസംഹിത നാലു തരത്തിലുള്ള ഭരണസംവിധാനമാണു വിഭാവന ചെയ്തിരിക്കുന്നത്.
1. പാത്രിയർക്കീസ് അധ്യക്ഷനായുള്ള പാത്രിയർക്കൽ സഭകൾ
2. മേജർ ആർച്ച്ബിഷപ് അധ്യക്ഷനായുള്ള മേജർ ആർക്കി എപ്പിസ്കോപ്പൽ സഭകൾ
3. മെത്രാപ്പോലീത്ത അധ്യക്ഷനായുള്ള മെത്രാപ്പോലീത്തൻ സഭകൾ
4. ഒരു രൂപതയോ എക്സാർക്കിയോ മാത്രമുള്ള മറ്റു സ്വയാധികാര സഭകൾ
എന്നാൽ, സീറോ മലബാർ സഭ പുതിയ പൗരസ്ത്യ കാനൻ നിയമസംഹിത വിഭാവനം ചെയ്യുന്ന തരത്തിലുള്ള ഭരണസംവിധാനങ്ങളിലൊന്നും ഉൾപ്പെട്ടിരുന്നില്ല. എന്നുമാത്രമല്ല, ലത്തീൻ സഭയുടെ പ്രോവിൻസുകൾപോലെതന്നെ നേരിട്ടു പരിശുദ്ധ സിംഹാസനത്തെ ആശ്രയിക്കുന്ന രണ്ടു സ്വതന്ത്ര മെത്രാപ്പോലീത്തൻ പ്രവിശ്യകളായിട്ടാണു നിലനിന്നിരുന്നത്. ആ കാലഘട്ടത്തിൽ സീറോ മലബാർ സഭയ്ക്ക് 21 രൂപതകൾ ഉണ്ടായിരുന്നുവെങ്കിലും സഭ മുഴുവന്റെമേലും അധികാരമുള്ള പൊതുവായ ഒരു പിതാവും തലവനും ഇല്ലായിരുന്നു. ലത്തീൻ സഭകളിലെ മെത്രാന്മാരുടെ പ്രാദേശിക സമ്മേളനങ്ങൾ പോലെ അന്നു സീറോ മലബാർ സഭയിലും ഒരു ആലോചനാസമിതി ഉണ്ടായിരുന്നെങ്കിലും അതിനു നിയമനിർമാണം, മെത്രാൻ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ്, നീതിന്യായപാലനം, ഭരണനിർവഹണം തുടങ്ങിയവയ്ക്ക് അധികാരം ഉണ്ടായിരുന്നില്ല.
പൗരസ്ത്യ കാനോൻ സംഹിതയുടെ കാഴ്ചപ്പാടനുസരിച്ചുള്ള ഒരു സഭയായി സീറോ മലബാർ സഭയെ ഉയർത്താനുള്ള പരിശ്രമങ്ങളുടെ ഫലമായിട്ടാണ് 1992 ഡിസംബർ 16-ന് ക്വേ മയോരി എന്ന ശ്ലൈഹികരേഖ വഴി ജോണ് പോൾ രണ്ടാമൻ മാർപാപ്പ ഈ സഭയെ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി ഉയർത്തുകയും സഭയുടെ പിതാവും തലവനുമായി മേജർ ആർച്ച്ബിഷപ്പിനെ നിയമിക്കുകയും ചെയ്തത്. സിനഡൽ രീതിയിലുള്ള സംഘാതമായ സഭാഭരണത്തിനുള്ള അധികാരവും സീറോ മലബാർ മെത്രാൻ സമിതിക്കു കൈവന്നു.
മാത്രമല്ല, മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി ഉയർത്തപ്പെട്ട ഈ സഭയുടെ പുതിയ ഭരണ സംവിധാനങ്ങളും പ്രത്യേക നിയമങ്ങളും ക്രമപ്പെടുത്തുന്നതിനും അജപാലനപരമായ ഭരണനിർവഹണത്തിനുമായി പൊന്തിഫിക്കൽ ഡെലഗേറ്റിനെ പരിശുദ്ധ സിംഹാസനം നിയമിക്കുകയും ചെയ്തു. എന്നിരുന്നാലും, മെത്രാന്മാരുടെ തെരഞ്ഞെടുപ്പ്, ആരാധനക്രമസംബന്ധമായ കാര്യങ്ങൾ എന്നിവയിൽ തീരുമാനമെടുക്കാനുള്ള അധികാരം മാർപാപ്പയിൽതന്നെ നിക്ഷിപ്തമായിരുന്നു.
1998 ജനുവരി 19-ന്, പൗരസ്ത്യ സഭകളുടെ കാനോൻസംഹിതയിൽ പറഞ്ഞിരിക്കുന്ന ആരാധനക്രമപരമായ എല്ലാ അധികാരങ്ങളും മെത്രാന്മാരുടെ സിനഡിനെ ഭരമേല്പിക്കാൻ ജോണ് പോൾ രണ്ടാമൻ മാർപാപ്പ തീരുമാനിച്ചു. തുടർന്ന് 1999 ഡിസംബർ 18-ന് മാർപാപ്പ അന്നത്തെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ ആയിരുന്ന മാർ വർക്കി വിതയത്തിലിനെ സീറോ മലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ്പായി നിയമിക്കുകയും ചെയ്തു.
സിനഡിന്റെ സംഘാത്മകമായ പക്വതയും മെത്രാന്മാരുടെ ഇടയിൽ വളർന്നു വരുന്ന ഐക്യവും കൂട്ടായ്മയും അംഗീകരിച്ചുകൊണ്ട് 2003-ഡിസംബർ 23 -ന് ജോണ് പോൾ രണ്ടാമൻ പാപ്പാ മെത്രാന്മാരെ തെരഞ്ഞെടുക്കുന്നതിനുള്ള അധികാരവും സീറോ മലബാർ സിനഡിനു നല്കി. അങ്ങനെ സീറോ മലബാർ സഭ പൗരസ്ത്യ കാനോൻസംഹിത അനുസരിച്ച് നൈയാമിക പൂർണതയുള്ള മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായിത്തീർന്നു.
വളർച്ചയുടെ വഴിയിലൂടെ മുന്നോട്ട്
സീറോ മലബാർ സഭ, മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തപ്പെട്ടശേഷം ആരാധനക്രമവിഷയങ്ങളിൽ നിർണായകമായ നേട്ടം കൈവരിക്കുകയുണ്ടായി. സിനഡിന്റെ അംഗീകാരത്തോടെയും പരിശുദ്ധ സിംഹാസനത്തിന്റെ മുൻകൂട്ടിയുള്ള പരിശോധനയോടും കൂടി സഭയുടെ എല്ലാ ആരാധനക്രമ ഗ്രന്ഥങ്ങളുംതന്നെ മേജർ ആർച്ച്ബിഷപ്പിന്റെ അംഗീകാരത്തോടുകൂടി ഇപ്പോൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥം, സഭാപിതാക്കന്മാരുടെ പാരന്പര്യം, തോമ്മാശ്ലീഹായുടെ ആധ്യാത്മിക പൈതൃകം, കത്തോലിക്കാസഭയുടെ പ്രബോധനാധികാരം എന്നിവയിൽ അധിഷ്ഠിതമായ ഭാരതീയ പൗരസ്ത്യ ദൈവശാസ്ത്രം സീറോ മലബാർ സഭയിൽ വളർത്തിയെടുക്കാനുള്ള പരിശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
സുവിശേഷവത്കരണം, പ്രവാസികളുടെ അജപാലനം എന്നിവയിൽ വളരെയധികം പുരോഗതി കൈവരിക്കാൻ ഇക്കാലയളവിൽ ഈ സഭയ്ക്കു കഴിഞ്ഞിട്ടുണ്ട്. തെലങ്കാനയിലെ ഷംഷാബാദ് കേന്ദ്രമാക്കിയും തമിഴ്നാട്ടിലെ ഹൊസൂർ കേന്ദ്രമാക്കിയും പുതിയ രൂപതകൾ സ്ഥാപിച്ചുകൊണ്ടും തമിഴ്നാട്ടിൽ തന്നെയുള്ള രാമനാഥപുരം, തക്കല രൂപതകളുടെ അതിർത്തി വിസ്തൃതമാക്കിക്കൊണ്ടും കല്പന പുറപ്പെടുവിച്ച പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ഭാരതത്തിലെ മെത്രാന്മാർക്കായി 2017 ഒക്ടോബർ ഒമ്പതിന് എഴുതിയ കത്ത് വളരെ ശ്രദ്ധേയമാണ്. ഈ കത്തിൻപ്രകാരം ഭാരതം മുഴുവനിലുമുള്ള സീറോമലബാർ വിശ്വാസികളുടെ അജപാലന ശുശ്രൂഷ നിർവഹിക്കുന്നതിന് സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പിനെയും സിനഡിനെയും പാപ്പാ ചുമതലപ്പെടുത്തിയിരിക്കുന്നു.
പൗരസ്ത്യ സഭകളുടെ കാനൻ നിയമസംഹിതയുടെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു ക്രമീകരണമാണിത്. ഇനി ഗൾഫ് രാജ്യങ്ങളിലുള്ള സീറോ മലബാർ വിശ്വാസികളുടെ അജപാലനം സുഗമമാക്കാനുള്ള പരിശ്രമങ്ങൾ കൂടുതൽ തീവ്രമായി തുടരേണ്ടിയിരിക്കുന്നു.
സീറോമലബാർ സഭയ്ക്കു മേജർ ആർക്കി എപ്പിസ്കോപ്പൽ പദവി ലഭിക്കാൻ അക്ഷീണം പരിശ്രമിക്കുകയും ഇതിന്റെ പ്രാരംഭദശയിൽ ഈ സഭയെ കൈപിടിച്ചു നടത്തുകയും ചെയ്ത പ്രഥമ മേജർ ആർച്ച്ബിഷപ് മാർ ആന്റണി പടിയറ, പൊന്തിഫിക്കൽ ഡെലഗേറ്റ് മാർ ഏബ്രഹാം കാട്ടുമന, ദ്വിതീയ മേജർ ആർച്ച്ബിഷപ് മാർ വർക്കി വിതയത്തിൽ എന്നീ അഭിവന്ദ്യപിതാക്കന്മാരെ കൃതജ്ഞതാപൂർവം പ്രാർഥനയിൽ ഓർക്കേണ്ട സന്ദർഭമാണിത്. സമീപകാലത്ത് ഈ സഭയ്ക്കു ദ്രുതഗതിയിലുണ്ടായ പുരോഗതിക്കു പിന്നിൽ ഇപ്പോഴത്തെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ അക്ഷീണമായ പ്രയത്നവും ധീരമായ ആത്മീയ നേതൃത്വവും ഉണ്ടെന്നുള്ളത് സുവിദിതമാണ്.
2018 ജനുവരി എട്ടു മുതൽ 13 വരെ നടക്കുന്ന സീറോ മലബാർ സഭയുടെ സിനഡിന്റെ സമാപന ദിവസം രജതജൂബിലി ആഘോഷങ്ങൾ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച് സമുചിതമായി നടത്താനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. വൈദിക സന്യസ്ത ദൈവവിളികളാലും കുടുംബ ഭദ്രതയാലും അല്മായ പ്രേഷിതത്വത്താലും സന്പന്നമായ സീറോമലബാർ സഭ ഇനിയും വളർച്ചയുടെ പാതയിൽ അനേകം കാതങ്ങൾ മുന്നേറട്ടെ.
Source: deepika.com