മെൽബൺ സെന്റ് അൽഫോൻസ സീറോ മലബാർ കത്തിഡ്രൽ ദേവാലയത്തിന്റെ കൂദാശ നവംബർ 23ന്

 In News
മെൽബൺ: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിന്റെ കൂദാശ കർമ്മം സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് നവംബർ 23ന് നിർവ്വഹിക്കും. മെൽബൺ രൂപത അധ്യക്ഷൻ ബിഷപ്പ് ജോൺ പനംതോട്ടത്തിൽ, മെൽബൺ രൂപതയുടെ പ്രഥമ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ, ഓസ്‌ട്രേലിയയിലെ അപ്പസ്‌തോലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ചാൾസ് ബാൽവോ,ഉജ്ജയിൻ രൂപത ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേൽ, മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം, കോതമംഗലം രൂപത ബിഷപ്പ് മാർ ജോർജ്ജ് മഠത്തികണ്ടത്തിൽ, യു.കെ. പ്രസ്റ്റൺ രൂപത ബിഷപ്പ് ജോസഫ് സ്രാമ്പിക്കൽ, പാലക്കാട് രൂപത മുൻ ബിഷപ്പ് ജേക്കബ് മനത്തോടത്ത്, മെൽബണിലെ ഉക്രേനിയൻ രൂപത ബിഷപ്പും നിയുക്ത കർദ്ദിനാളുമായ ബിഷപ്പ് മൈക്കോള ബൈചോക്ക്, മെൽബൺ ആർച്ച് ബിഷപ്പ് പീറ്റർ കമെൻസോളി, ബ്രിസ്‌ബെൻ ആർച്ച് ബിഷപ്പ് മാർക്ക് കോൾറിഡ്ജ്, കാൻബെറ ആർച്ച് ബിഷപ്പ് ക്രിസ്റ്റഫർ പ്രൗസ്, ടുവൂംബ രൂപത ബിഷപ്പ് കെൻ ഹൊവൽ, ഓസ്‌ട്രേലിയൻ കാൽദീയൻ രൂപത ബിഷപ്പ് അമേൽ ഷാമോൻ നോണ, ഓസ്‌ട്രേലിയൻ മാറോനൈറ്റ് രൂപത ബിഷപ്പ് ആന്റൊയിൻ ചാർബെൽ റ്റരാബെ, ഓസ്‌ട്രേലിയൻ മെൽക്കൈറ്റ് രൂപത ബിഷപ് റോബർട്ട് റബാറ്റ്, ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്പ് കോൺഫറൻസിലെ മെത്രാന്മാർ, മെൽബൺ രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി, ചാൻസിലർ ഫാദർ സിജീഷ് പുല്ലൻകുന്നേൽ, മെൽബൺ രൂപതയിൽ സേവനം ചെയ്യുന്ന വൈദികർ, ഓസ്‌ട്രേലിയയിൽ മറ്റു രൂപതകളിൽ സേവനം ചെയ്യുന്ന മലയാളി വൈദികർ,ഫെഡറൽ-സ്റ്റേറ്റ് മന്ത്രിമാർ, എം.പി.മാർ, പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, മെൽബൺ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രതിനിധികൾ,ഹ്യും സിറ്റി- വിറ്റൽസീ സിറ്റി കൗൺസിലിലെ കൗൺസിലേഴ്‌സ് എന്നിവർ സന്നിഹിതരായിരിക്കും. നവംബർ 23ന് രാവിലെ 9 മണിക്ക് അഭിവന്ദ്യ പിതാക്കന്മാരെ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കും. 9.30ന് കത്തീഡ്രൽ ദേവാലയത്തിന്റെ കൂദാശയും തുടർന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ വിശുദ്ധ കുർബാനയും അർപ്പിക്കും.
സ്വന്തമായ ഒരു ദേവാലയം എന്ന കത്തീഡ്രൽ ഇടവാകാംഗങ്ങളുടെ വർഷങ്ങളായുള്ള പ്രാർത്ഥനകളുടെയും കാത്തിരിപ്പിന്റെയും പരിസമാപ്തിയിലാണ് സെന്റ് അൽഫോൻസ കത്തീഡ്രൽ ദേവാലയം കൂദാശക്കായി ഒരുങ്ങുന്നത്. 2013 ഡിസംബർ 23 നാണ് മെൽബൺ ആസ്ഥാനമായും മെൽബൺ നോർത്ത് ഇടവക രൂപതയുടെകത്തീഡ്രലായും പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ, ഇൻഡ്യക്ക് പുറത്തെ രണ്ടാമത്തെ സീറോ മലബാർ രൂപതയായി, മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപത പ്രഖ്യാപിച്ചത്. രൂപതാസ്ഥാപനത്തിന്റെ 10-ാം വാർഷികവേളയിലാണ് മെൽബൺ സീറോ മലബാർ രൂപത കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ഇടവകസമൂഹങ്ങളുടെയും സ്വപ്നമായിരുന്ന കത്തീഡ്രൽ ദേവാലയം പൂർത്തീകരിക്കപ്പെടുന്നത്. 550 ഓളം കുടുംബങ്ങളുള്ള കത്തീഡ്രൽ ഇടവകയിലെ വിശ്വാസീസമൂഹത്തിന്റെ കഴിഞ്ഞ 15 വർഷങ്ങളായുള്ള പ്രാർത്ഥനയുടെയും ത്യാഗത്തിന്റെയും കൂട്ടായ്മയുടെയും ഫലമാണ് സെന്റ് അൽഫോൻസ കത്തീഡ്രൽ ദേവാലയം.
 2020 ജൂലൈ 3-ാം തിയതിയാണ് മെൽബൺ സീറോ മലബാർ രൂപതയുടെ പ്രഥമ രൂപതാധ്യക്ഷൻ അഭിവന്ദ്യ ബോസ്‌കോ പുത്തൂർ പിതാവ് കത്തീഡ്രൽ ദേവാലയത്തിന്റ ശിലാസ്ഥാപനം നിർവ്വഹിച്ചത്. മെൽബൺ സിറ്റിയിൽ നിന്നും മെൽബൺ എയർപ്പോർട്ടിൽ നിന്നും അധികം ദൂരത്തിലല്ലാതെ, എപ്പിങ്ങിൽ ഹ്യും ഫ്രീവേക്ക് സമീപത്ത് 53 മക്കെല്ലാർ വേയിൽ, കത്തീഡ്രൽ ഇടവക സ്വന്തമാക്കിയ 3 ഏക്കറോളം വരുന്ന സ്ഥലത്താണ് കത്തീഡ്രൽ ദേവാലയം പണി പൂർത്തിയായിരിക്കുന്നത്. 1711 സ്‌ക്വയർ മീറ്ററിൽ പൗരസ്ത്യപാരമ്പര്യ തനിമയോടെ അതിമനോഹരമായാണ് കത്തീഡ്രൽ ദേവാലയം പണികഴിപ്പിച്ചിരിക്കുന്നത്. ബാൽക്കണിയിലും കൈകുഞ്ഞുങ്ങളുള്ള മാതാപിതാക്കൾക്കുള്ള മുറിയിലും ഉൾപ്പെടെ 1000 ഓളം പേർക്ക് ഒരേസമയം തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനുള്ള സൗകര്യം കത്തീഡ്രലിൽ ഉണ്ടായിരിക്കും. പള്ളിയുടെ ഭാഗമായി തന്നെ നൂറോളം പേർക്കിരിക്കാവുന്ന ഒരു ചാപ്പലും 150 ഓളം കാർപാർക്കിങ്ങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിശ്വാസപരിശീലനത്തിനു വേണ്ടിയുള്ള ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും ദേവാലയത്തോട് ചേർന്ന് നിർമ്മിച്ചിട്ടുണ്ട്.500 ഓളം പേർക്കിരിക്കാവുന്നതും സ്റ്റേജും ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കളയുമുള്ള പാരീഷ് ഹാൾ, നിർമ്മാണം പൂർത്തിയാക്കി 2022 നവംബറിൽ വെഞ്ചിരിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ പ്രമുഖ കൺസ്‌ട്രെക്ഷൻ ഗ്രൂപ്പായ ലുമെയിൻ ബിൽഡേഴ്‌സിനാണ് കത്തീഡ്രലിന്റെ നിർമ്മാണ ചുമതല നല്കിയിരുന്നത്.
മെൽബൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോൺ പനംതോട്ടത്തിൽ, വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി, ചാൻസിലർ ഫാദർ സിജീഷ് പുല്ലൻകുന്നേൽ, കത്തീഡ്രൽ ഇടവക വികാരി ഫാദർ വർഗ്ഗീസ് വാവോലിൽ, കൈക്കാരന്മാരായ ആന്റോ തോമസ്, ക്ലീറ്റസ് ചാക്കോ, ജനറൽ കൺവീനർ ഷിജി തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കത്തീഡ്രലിന്റെ കൂദാശകർമ്മം ഏറ്റവും മനോഹരമായും ഭക്തിനിർഭരമായും നടത്തുവാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. മെൽബൺ സീറോ മലബാർ രൂപതയുടെ കത്തീഡ്രൽ ദേവാലയംഎന്ന സ്വപ്ന സാക്ഷാൽക്കാരത്തിനായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും സാമ്പത്തികമായി സഹകരിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി പറയുന്നതോടൊപ്പം ആത്മീയ ചൈതന്യം തുളുമ്പുന്ന കത്തീഡ്രൽ ദേവാലയ കൂദാശകർമ്മങ്ങളിലേക്ക് ഏവരേയും ക്ഷണിക്കുന്നതായും മെൽബൺ രൂപത ബിഷപ്പ് മാർ ജോൺ പനംതോട്ടത്തിൽ, കത്തീഡ്രൽ വികാരി വർഗ്ഗീസ് വാവോലിൽ എന്നിവർ അറിയിച്ചു.
റിപ്പോർട്ട്:  Media Team
Recent Posts