”ഉണ്ണീശോയ്ക്കൊരഭയം”: ആരോരുമില്ലാത്തവർക്ക് ആശ്വാസവുമായി മെൽബൺ രൂപതയുടെ ക്രിസ്മസ് സമ്മാനം
മെൽബൺ: അരോരുമില്ലാതെ, അന്തിയുറങ്ങാൻ അഭയമില്ലാതെ കഴിയുന്ന നിരാലംബരെ ശുശ്രൂഷിക്കുന്ന ‘ദൈവദാൻ’ സ്ഥാപനങ്ങൾക്ക് കൈത്താങ്ങുമായി മെൽബൺ സീറോ മലബാർ രൂപത. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഡിസംബർ മാസത്തിൽ രൂപതാഗംങ്ങൾ തങ്ങളുടെ പരിത്യാഗങ്ങളിലൂടെ സ്വരുകൂട്ടുന്ന സംഖ്യ രൂപതയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജീവകാരുണ്യ പ്രവർത്തങ്ങൾക്കായി നല്കി വരുന്നു. പാലാ രൂപത വൈദികനായിരുന്ന അബ്രഹാം കൈപ്പൻപ്ലാക്കലച്ചനാൽ സ്ഥാപിതമായ ദൈവദാൻ സന്യാസിനിസമൂഹത്തിന്റെ നേതൃത്വത്തിൽ മലയാറ്റൂർ, കാഞ്ഞൂർ, വടക്കഞ്ചേരി, കോളയാട്, തങ്കമണി തുടങ്ങീ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ദൈവദാൻ സ്ഥാപങ്ങളിലെ 800 ഓളം വരുന്ന അന്തേവാസികളെ സഹായിക്കുവാനാണ് ഈ വർഷം ”ഉണ്ണീശോയ്ക്കൊരഭയം” പദ്ധതിയിലൂടെ മെൽബൺ സീറോ മലബാർ രൂപത ലക്ഷ്യമിടുന്നത്. ഡിസംബർ മാസത്തിലെ ഓരോ ദിവസവും ചെറിയ ത്യാഗങ്ങളിലൂടെ മാറ്റിവക്കുന്ന ചെറിയ സമ്പാദ്യം, ഉണ്ണീശോയ്ക്കുള്ള സമ്മാനമായി ക്രിസ്മസ് ദിവസം ദേവാലയങ്ങളിൽ കൊണ്ടുവരികയും ക്രിസ്മസ് കുർബാനക്കിടയിൽ അത് സമർപ്പിക്കുകയും ചെയ്യും. ഈശോയുടെ നാമത്തിൽ പാവപ്പെട്ടവരെ സഹായിക്കാൻ കുഞ്ഞുമക്കളെ പ്രോത്സാഹിപ്പിച്ചുകൊണ്ട്ഈ പദ്ധതിയോട് സഹകരിക്കണമെന്ന് മാതാപിതാക്കളോട് മാർ ബോസ്കോ പുത്തൂർ അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷം ക്രിസ്മസ് അവസരത്തിൽ ”ഉണ്ണീശോയ്ക്കൊരൂണ്” എന്ന പദ്ധതിയിലൂടെ ലഭിച്ച 21,44,000 രൂപ കോട്ടയത്തെ ശ്രീ.പി.വി.തോമസിന്റെ നവജീവൻ ട്രസ്റ്റിന് നല്കി.
ഈശോയെ നമ്മുടെ ജീവിതത്തിൽ നിരന്തരം കണ്ടുമുട്ടാനും ഈശോയുടെ സ്നേഹത്തിന്റെ സുവിശേഷമാധുരി അനുസ്യുതം അനുഭവിക്കാനും ഈശോയുടെ സൗഹൃദവലയത്തിലേക്ക് മറ്റുള്ളവരെ സ്വീകരിക്കാനുമുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്തയായ ക്രിസ്മസ് സമാധാനത്തോടും സന്തോഷത്തോടും കൂടി ആഘോഷിക്കുവാൻ ഏവർക്കും സാധിക്കട്ടെ എന്ന് ബിഷപ്പ് ബോസ്കോ പുത്തൂർ ആശംസിച്ചു.