കെയ്ൻസിൽ സിറോ മലബാർ മിഷന് തുടക്കമായി
കെയ്ൻസ്: ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിന്റെ കവാടമായ കെയ്ൻസിൽ സിറോ മലബാർ സഭാ മിഷനു തുടക്കമായി. മെൽബണ്‍ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂരിന്റെ കെയ്ൻസ് സന്ദർശനമാണ് ഈ മേഖലയിലെ സഭാംഗങ്ങളുടെ ചിരകാല സ്വപ്നം പൂവണിയിച്ചത്.
കെയ്ൻസ് സെന്റ് ജോസഫ്സ് പള്ളിയിൽ മാർ ബോസ്കോ പുത്തൂരിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. കെയ്ൻസ് വിശ്വാസ സമൂഹത്തെ കാനോനിക നിയമ പ്രകാരം ഉയർത്തി സെന്റ് തോമസ് സിറോ മലബാർ മിഷൻ എന്ന് നാമകരണം ചെയ്തു. പ്രഥമ ചാപ്ലിയനായി ഫാ. സജു തേക്കാനത്തെ നിയമിച്ചു. ഫാ. ഡിപ്പി കട്ടത്തറ, ഫാ. ജോബി പന്തലാനിക്കൽ, ഫാ. സജു തേക്കാനം എന്നിവർ സഹകാർമ്മികരായിരുന്നു.
കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം ഇതോടൊപ്പം നടന്നു. മാർ ബോസ്കോ പുത്തൂരിന്റെ ജ·ദിനവും കെയ്ൻസിൽ വിശ്വാസ സമൂഹം ആഘോഷിക്കുകയുണ്ടായി. ജൂലൈ മൂന്നിന് ദുഃഖറാനത്തിരുന്നാൾ സെന്റ് തോമസ് സിറോ മലബാർ മിഷൻ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ചാപ്ലിൻ ഫാ. സജു തേക്കാനം അറിയിച്ചു.