പ്രവാസികളോടുള്ള കരുതൽ സഭയുടെ സുപ്രധാന പ്രേഷിതദൗത്യം: മാർ റാഫേൽ തട്ടിൽ
മെൽബണ്‍: പ്രവാസികളോടുള്ള കരുതലും പരിഗണനയും സഭയുടെ സുപ്രധാന പ്രേഷിതദൗത്യമാണെന്ന് ഷംസാബാദ് രൂപതാ മെത്രാൻ മാർ റാഫേൽ തട്ടിൽ അഭിപ്രായപ്പെട്ടു. സീറോമലബാർ സഭ ലോകം മുഴുവനിലും വളരാൻ ഇടയായതിൽ കുടിയേറ്റ സമൂഹത്തിന് നിർണായക പങ്കുണ്ട്. മതിയായ കരുതൽ നൽകിയില്ലെങ്കിൽ പ്രവാസിനാടുകളിൽ വിശ്വാസം ക്ഷയിക്കും, സഭ തളരും. മെൽബണ്‍ സെന്റ് തോമസ് സീറോ മലബാർ രൂപത ഓണ്‍ലൈനായി സംഘടിപ്പിച്ച പാസ്റ്ററൽ കൗണ്‍സിൽ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മാർ റാഫേൽ തട്ടിൽ.
പൂച്ചെണ്ട് ഒരുക്കാനായി മനോഹരമായ ഒരു ചെടിയിൽ നിന്നും മുറിച്ചുമാറ്റപ്പെട്ട സുന്ദരമായ പൂക്കളോടാണ് ഫ്രാൻസിസ് മാർപാപ്പ പ്രവാസികളെ താരതമ്യപ്പെടുത്തുന്നതെന്നും മാർ റാഫേൽതട്ടിൽ പറഞ്ഞു. പൂച്ചെണ്ടിലേക്ക് മുറിച്ചു ചേർക്കപ്പെട്ട ഓരോ പ്രവാസിക്കും അവരുടെ അടിവേരും മണ്ണും നഷ്ടമായതാണ്. പ്രവാസികളുടെ വേരും മണ്ണും ശക്തിപ്പെടുത്താൻ സഹായകമാകുന്നതാണ് സഭയുടെ കരുതൽ. കാരണം ഓരോ പ്രവാസിയും സഭയുടെ ഓരോ പ്രേഷിതനാണ് അവരിലൂടെയാണ് സഭവളരുന്നത്.
1987ൽ ജോണ്‍പോൾ രണ്ടാമൻ മാർപാപ്പ എഴുതിയ ഒരു കത്താണ് സീറോ മലബാർ സഭയുടെ പ്രവാസി കരുതലിന്റെ ആരംഭമായി മാറിയതെന്നും മാർ തട്ടിൽ പറഞ്ഞു.
വിശ്വാസ പരിശീലനം പ്രവാസി സമൂഹത്തിൽ കൂടുതൽ വ്യാപ്തിയോടെ നടത്തപ്പെടേണ്ടതുണ്ടെന്നും മാർ തട്ടിൽ അഭിപ്രായപ്പെട്ടു. ഇതിനായി പുതിയ സാങ്കേതിക വിദ്യയും നൂതന ഭാഷയും ഉപയോഗിക്കണം. പുതിയ കണ്ടുപിടുത്തങ്ങളേയും സാങ്കേതിക വിദ്യകളേയും നാം മാമോദീസ മുക്കി വിശ്വാസ പരിശീലനത്തിനും സുവിശേഷപ്രഘോഷണത്തിനുമായി ഉപയോഗിക്കണം.
മെൽബണ്‍ സെന്റ് തോമസ് സീറോമലബാർ രൂപതാ ബിഷപ് മാർ ബോസ്ക്കോ പുത്തൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രവാസികളായി ഓസ്ട്രേലിയയിൽ എത്തിയ നമ്മൾ ആരും ഒറ്റയ്ക്ക് വളരാനോ തളരാനോ ഉള്ളവരല്ലെന്നും ഒറ്റയ്ക്ക് വളരാൻ ശ്രമിച്ചാൽ നാം വലിയതകർച്ചയെ നേരിടുമെന്നും ബോസ്ക്കോപുത്തൂർ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
മെൽബണ്‍ രൂപതയുടെ ഏഴാമത് പാസ്റ്ററൽ കൗണ്‍സിലിൽ ന്ധന്ധഒരുമിച്ച് ഒരുമയോടെ ക്രിസ്തുവിലേക്ക്’’ എന്ന രൂപതയുടെ അജപാലന രൂപരേഖ വികാരി ജനറാൾ മോണ്‍. ഫ്രാൻസീസ് കോലഞ്ചേരി അവതരിപ്പിച്ചു. രൂപരേഖയിലെ മുൻഗണനാ കാര്യങ്ങളായ കൗദാശിക ജീവിതവും ആരാധന ക്രമവും, വിശ്വാസ പരിശീലനം, പ്രേഷിത കുടുംബങ്ങൾ, ഇടവകനേത്യത്വം, സുരക്ഷിത സഭ, വളർച്ചയും പരിശീലനവും, സാമൂഹ്യ സേവനം എന്നീ വിഷയങ്ങൾ പ്രവീണ്‍ വിന്നി, ഡോ. ജോണ്‍ ജോസഫ്, സോജിൻ സെബാസ്റ്റ്യൻ, സെബാസ്റ്റ്യൻ മാത്യൂ, ലിസി ട്രീസ എന്നിവർ അവതരിപ്പിച്ചു.
രൂപതാ വികാരി ജനറാൾ മോണ്‍. ഫ്രാൻസീസ് കോലഞ്ചേരി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോബി ഫിലിപ്പ്, വിവിധ ഡിപ്പാർട്ട്മെന്റ് ഡയറക്ടർമാർ എന്നിവർ പാസ്റ്ററൽ കൗണ്‍സിലിനു നേതൃത്വം നൽകി.