മെൽബൺ സീറോ മലബാർ രൂപത നിയുക്ത മെത്രാൻ ഫാദർ ജോൺ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണവും ബിഷപ്പ് ബോസ്‌കോ പുത്തൂരിനുള്ള യാത്രയയപ്പും മെയ് 31ന്

 In News

മെൽബൺ: സെന്റ് തോമസ്സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയുക്തനായ ഫാദർ ജോൺ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണവും ബിഷപ്പ് ബോസ്‌കോ പുത്തൂരിനുള്ള യാത്രയയപ്പും മെയ് 31 (ബുധനാഴ്ച) വൈകീട്ട് 5 മണിക്ക് മെൽബണിനടുത്തുള്ള ക്യാമ്പെൽഫീൽഡ് ഔവർ ലേഡീ ഗാർഡിയൻ ഓഫ് പ്ലാന്റ്‌സ് കാൽദിയൻ കാത്തലിക് ദേവാലയത്തിൽ വച്ച് നടക്കും. സ്ഥാനാരോഹണ കർമ്മങ്ങളിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിക്കും. ഓസ്‌ട്രേലിയയിലെ അപ്പസ്‌തോലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ചാൾസ് ബാൽവോ, സീറോ മലബാർ സഭയുടെ മറ്റു രൂപതകളിൽ നിന്നുള്ള പിതാക്കന്മാർ, ഓഷ്യാനിയയിലെ വിവിധ രൂപതകളിൽ നിന്നുള്ള ബിഷപ്പുമാർ, മെൽബൺ രൂപതയുടെ വിവിധ ഇടവകകളിൽ നിന്നുംമിഷനുകളിൽ നിന്നുമുള്ള വൈദികരും അത്മായ പ്രതിനിധികളും ചടങ്ങുകളിൽ പങ്കെടുക്കും. ഫാദർ ജോൺ പനന്തോട്ടത്തിലിന്റെസ്ഥാനാരോഹണ ചടങ്ങുകളും ബോസ്‌കോ പുത്തൂർ പിതാവിനുള്ള യാത്രയയപ്പ് സമ്മേളനവും ഏറ്റവും ഭംഗിയായും ലളിതമായും ക്രമീകരിക്കുന്നതിന് വിവിധ കമ്മറ്റികൾക്ക് രൂപം നല്കിയതായി വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി അറിയിച്ചു.
2013 ഡിസംബർ 23 നാണ് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ ഇൻഡ്യക്കു പുറത്തുള്ള രണ്ടാമത്തെ സീറോ മലബാർ രൂപതയായി മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയും രൂപതയുടെ പ്രഥമ പിതാവായും ന്യുസിലൻഡിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്ററായും ബിഷപ്പ് ബോസ്‌കോ പുത്തൂരിനെയും നിയമിക്കുന്നത്. 2014 മാർച്ച് 25ന് ബോസ്‌കോ പുത്തൂർ പിതാവിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ മെൽബണിൽ വച്ച് നടന്നു. ഓസ്‌ട്രേലിയായിലെയും ന്യുസിലാൻഡിലെയും വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും കുടിയേറി പാർത്തിരിക്കുന്ന സീറോ മലബാർ വിശ്വാസികളെ ഒരുമിപ്പിച്ച് ഇടവകകൾക്കും മിഷനുകൾക്കും രൂപം നല്കുവാൻ അഭിവന്ദ്യ ബോസ്‌കോ പുത്തൂർ പിതാവ് അക്ഷീണം പ്രയത്‌നിച്ചു. അദ്ധ്യാപകനായും റെക്ടറായും ഏറെക്കാലം സെമിനാരിയിൽ ചിലവഴിച്ച ബോസ്‌കോ പിതാവിന്റെ ചിരകാലാഭിലാഷമായിരുന്നു മെൽബൺ സീറോ മലബാർ രൂപതക്ക് സ്വന്തമായി ഒരു മൈനർ സെമിനാരി എന്നത്. അങ്കമാലിക്കടുത്ത് തിരുമുടിക്കുന്നിൽ പ്രവർത്തിക്കുന്ന മൈനർ സെമിനാരിയിലൂടെ രൂപതയിൽ സേവനം ചെയ്യാൻ രൂപതയുടെ സ്വന്തമായ വൈദികർ എന്ന പിതാവിന്റെ സ്വപ്നമാണ് പൂവണിയുന്നത്.

മെൽബൺ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയുക്തനായ ഫാദർ ജോൺ പനന്തോട്ടത്തിൽ മെയ് 23ന് മെൽബണിൽ എത്തിച്ചേരും. തലശ്ശേരി അതിരൂപതയിലെ പേരാവൂർ പെരുമ്പുന്ന ഇടവകയിൽ പനന്തോട്ടത്തിൽ പരേതരായ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകനായി 1966 മെയ് 31നാണ് ഫാദർ ജോൺ ജനിച്ചത്. സി.എം.ഐ സന്യാസ സമൂഹത്തിന്റെ കോഴിക്കോട് സെന്റ് തോമസ് പ്രൊവിൻസിലായിരുന്നു വൈദികപഠനം. 1996 ഡിസംബർ 26നു താമരശ്ശേരി രൂപത മുൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളിയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. കോഴിക്കോട് ദേവഗിരി കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എംഎയും മാന്നാനം സെന്റ് ജോസഫ് കോളേജിൽ നിന്ന് ബിഎഡും ഇഗ്നോയിൽ നിന്ന് എംഎഡും നേടി. ഗുഡല്ലൂർ മോണിങ്ങ് സ്റ്റാർ സ്‌കൂളിലും കോഴിക്കോട് ദേവഗിരി ഹയർ സെക്കൻഡറി വിഭാഗത്തിലും അധ്യാപകനായിരുന്നു. 2008-2014 കാലത്ത് കോഴിക്കോട് സെന്റ് തോമസ് പ്രൊവിൻസിന്റെ സുപ്പീരിയറായി. 2015 മുതൽ 2020 വരെ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെൻ അതിരൂപതയിൽ സേവനം അനുഷ്ഠിച്ചു. ബ്രിസ്‌ബെനിലെ സീറോ മലബാർ ഇടവകകളിലും മിഷനുകളിലും അജപാലനശുശ്രൂഷകളിൽ സഹായിക്കാനും ഫാദർ ജോൺ സമയം കണ്ടെത്തിയിരുന്നു. 2021 മുതൽ മാനന്തവാടി രൂപതയിലെ നിരവിൽപുഴ സെന്റ് ഏലിയാസ് ആശ്രമത്തിൽ സുപ്പീരിയറും ഇടവക വികാരിയുമായി സേവനം ചെയ്യുമ്പോഴാണ് മെൽബൺ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയുക്തനാകുന്നത്.
ഫാദർ ജോൺ പനന്തോട്ടത്തിലിന്റെ ജന്മദിനം കൂടിയായ മെയ് 31ന് നടക്കുന്ന സ്ഥാനാരോഹണ കർമ്മങ്ങളിൽ പങ്കെടുക്കാൻ ഏവരെയും സന്തോഷത്തോടെ ക്ഷണിക്കുന്നതായി മെൽബൺ രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി അറിയിച്ചു.

റിപ്പോർട്ട് : മീഡിയ ടീം

Recent Posts