വിശുദ്ധവാരത്തിൽ 1167 പേരെ കുമ്പസാരിപ്പിച്ച് കത്തോലിക്കാ വൈദീകൻ, പ്രചോദനമായത് വിശുദ്ധ ജോൺ മരിയ വിയാനി
ടെക്സസ്: ഇക്കഴിഞ്ഞ വിശുദ്ധ വാരത്തിൽ 65 മണിക്കൂർ സമയം കുമ്പസാരക്കൂടിൽ ചെലവഴിച്ച് 1167 പേർക്ക് അനുരജ്ഞ കൂദാശ നൽകിയ കത്തോലിക്കാ വൈദീകനെ കുറിച്ചുള്ള വാർത്ത ശ്രദ്ധേയമാകുന്നു. അമേരിക്കൻ സംസ്ഥാനമായ ടെക്സസിലെ സ്പ്രിംഗ് സിറ്റി ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേർഡ് ഇടവക വികാരി ഫാ. ഡേവിഡ് മൈക്കിൾ മോസസാണ് ആ വൈദീകൻ. ഓശാന ഞായറിന് തലേന്ന് മുതൽ ദുഃഖവെള്ളിവരെ സ്വന്തം ഇടവകയിൽ 47 മണിക്കൂറും ഹൂസ്റ്റൺ കെയ്ൻ സ്ട്രീറ്റിലുള്ള സെന്റ് ജോസഫ്സ് ദൈവാലയത്തിൽ 18 മണിക്കൂറും ചെലവഴിച്ചാണ് ഇത്രയേറെപ്പേരെ ഫാ. ഡേവിഡ് കുമ്പസാരിപ്പിച്ചത്.
പൗരോഹിത്യ ശുശ്രൂഷയുടെ നല്ലൊരു പങ്കും കുമ്പസാരക്കൂട്ടിൽ ചെലവഴിച്ച വിശുദ്ധ ജോൺ മരിയ വിയാനിയുടെ ജീവിതമാണ് ഈ ദൗത്യത്തിന് തനിക്ക് പ്രചോദനമായതെന്ന്, സോഷ്യൽ മീഡിയയിൽ അനേകം ഫോളോവേഴ്സുള്ള ഫാ. ഡേവിഡ് പറയുന്നു. ‘ഈ വിശുദ്ധ വാരം നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്ന ആഴ്ചയാക്കൂ’ എന്ന ആഹ്വാനത്തോടെ വിശ്വാസികളെ കുമ്പസാരക്കൂട്ടിലേക്ക് ക്ഷണിച്ചുകൊണ്ട് കുമ്പസാര സമയക്രമം അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയിരുന്നു.
പ്രസ്തുത ക്ഷണം വിശ്വാസീസമൂഹം ഏറ്റെടുക്കുകയായിരുന്നു. ‘യേശുനാഥൻ ഉത്ഥാനം ചെയ്തപ്പോൾ താൻ അവിടെ ഉണ്ടായിരുന്നില്ലെങ്കിലും കഴിഞ്ഞ ആഴ്ച 1,167 പേർ ഉയിർപ്പ് അനുഭവത്തിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരുന്നത് കാണാൻ സാധിച്ചു,’ ഫാ. ഡേവിഡ് ഫേസ്ബുക്കിൽ കുറിച്ചു. ഈ ക്ഷണം നടത്തിയ വൈദീകനെയും പ്രസ്തുത ക്ഷണം സ്വീകരിച്ച് കുമ്പസാരക്കൂടിനെ സമീപിച്ചവരെയും അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിട്ടുണ്ട്.
ബിരുദം പൂർത്തിയാക്കി 18ാം വയസിൽ ഹൂസ്റ്റൺ യൂണിവേഴ്സിറ്റി ലോ സ്കൂളിൽ ഉപരിപഠനത്തിന് ചേർന്ന സമയത്താണ് തന്നെക്കുറിച്ചുള്ള ദൈവഹിതം തിരിച്ചറിഞ്ഞ് ഡേവിഡ്, ഗാൽവെസ്റ്റൺ ഹൂസ്റ്റൺ അതിരൂപതാ സെമിനാരിയിൽ ചേർന്നത്. 2019 ജൂൺ ഒന്നിനായിരുന്നു പൗരോഹിത്യ സ്വീകരണം. വിശുദ്ധ കുർബാനയിലൂടെ ഈശോയെ വിശ്വാസികൾക്ക് നൽകാനും കുമ്പസാരകൂട്ടിൽ ക്രിസ്തുവായി അവരുടെ പാപങ്ങൾ ക്ഷമിക്കാനും ലഭിക്കുന്ന അവസരം തന്നെ പൗരോഹിത്യത്തിലേക്ക് ചേർത്തുനിർത്തുന്നുവെന്ന് നാളുകൾക്ക് മുമ്പ് ‘ശാലോം വേൾഡി’ന് നൽകിയ നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.