പൗരോഹിത്യത്തെ കുറിച്ച് ചർച്ച ചെയ്യാനായി വത്തിക്കാനിൽ അടുത്തവർഷം സിംപോസിയം

 In News

വത്തിക്കാന്‍ സിറ്റി: പൗരോഹിത്യത്തെ കുറിച്ച് ചർച്ച ചെയ്യാനായി വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ അടുത്തവർഷം ഫെബ്രുവരി 17 മുതൽ 19 വരെ സിംപോസിയം നടക്കും. “ടുവേർഡ് എ ഫണ്ടമെന്റൽ തിയോളജി ഓഫ് ദി പ്രീസ്റ്റ്ഹുഡ്” എന്ന പേരിലായിരിക്കും സിംപോസിയം സംഘടിപ്പിക്കുക. പൗരോഹിത്യ ബ്രഹ്മചര്യം, വനിതകൾക്ക് ഡീക്കൻ പദവി തുടങ്ങിയ വിഷയങ്ങൾ സിംപോസിയത്തിൽ ചർച്ചയാകും. ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശത്തോടുകൂടിയായിരിക്കും ഇതിനു സമാപനമാവുക. പൗരോഹിത്യ ബ്രഹ്മചര്യം വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണെങ്കിലും, സിംപോസിയത്തിൽ ആ വിഷയത്തെ കേന്ദ്രീകരിച്ച് മാത്രമായിരിക്കില്ല ചർച്ച നടത്തുകയെന്ന് മെത്രാന്മാർക്ക് വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘം തലവൻ കർദ്ദിനാൾ മാർക്ക് ഔലെറ്റ് ഇക്കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സഭയുടെ മിഷൻ ദൗത്യത്തിന് കൂടുതൽ ആഴത്തിൽ അടിത്തറ പാകുക എന്ന ലക്ഷ്യവുമായാണ് സിമ്പോസിയം സംഘടിപ്പിക്കുന്നതെന്നും കർദ്ദിനാൾ മാർക്ക് ഔലെറ്റ് പറഞ്ഞു. 2019ൽ ആമസോൺ മേഖലയ്ക്ക് വേണ്ടി നടന്ന മെത്രാന്മാരുടെ സിനഡിൽ പൗരോഹിത്യ ബ്രഹ്മചര്യവും, വനിത ഡീക്കൻ പദവിയും ചർച്ചയ്ക്ക് വന്നെങ്കിലും ഫ്രാൻസിസ് മാർപാപ്പ രണ്ട് ആവശ്യങ്ങളും തള്ളിക്കളയുകയായിരുന്നു. വൈദികർക്ക് വിവാഹിതരാകാൻ അനുവാദം നൽകുന്നതിന് പകരം ആമസോൺ മേഖലയിൽ പൗരോഹിത്യ വിളി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് പാപ്പ ആവശ്യപ്പെട്ടത്. വനിതകൾക്ക് ഡീക്കൻ പദവി നൽകുന്നത് സംബന്ധിച്ച് പഠനം നടത്താൻ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് പ്രസ്തുത വിഷയത്തിൽ ഉയർന്നുവന്ന ആശങ്കകൾക്ക് വിരാമം ഇട്ടുകൊണ്ട് ഫ്രാൻസിസ് പാപ്പ പിന്നീട് വ്യക്തമാക്കി.

Recent Posts