വിശുദ്ധ മദർ തെരേസയുടെ പിൻഗാമിയായി മലയാളി സിസ്റ്റർ മേരി ജോസഫ്! ‘മിഷനറീസ് ഓഫ് ചാരിറ്റി’ക്ക് പുതിയ അധ്യക്ഷ
കൊൽക്കത്ത: അഗതികളുടെ അമ്മയായ കൊൽക്കത്തയിലെ വിശുദ്ധ തെരേസ സ്ഥാപിച്ച ‘മിഷനറീസ് ഓഫ് ചാരിറ്റിയുടെ’ സുപ്പീരിയർ ജനറലായി മലയാളിയായ സിസ്റ്റർ മേരി ജോസഫ് തിരഞ്ഞെടുത്തു. കൊൽക്കത്തയിലെ മദർ ഹൗസിൽ കഴിഞ്ഞ ദിവസമായിരുന്നു തിരഞ്ഞെടുപ്പ്. നിലവിൽ ‘മിഷനറീസ് ഓഫ് ചാരിറ്റി’യുടെ കേരളത്തിലെ അധ്യക്ഷയായ സിസ്റ്റർ മേരി ജോസഫ് തൃശൂർ മാള പൊയ്യ സ്വദേശിനിയാണ്. ‘മിഷനറീസ് ഓഫ് ചാരിറ്റി’യെ 13 വർഷം നയിച്ച സുപ്പീരിയർ ജനറൽ സിസ്റ്റർ മേരി പ്രേമയുടെ സ്ഥാനത്തേക്കാണ് സിസ്റ്റർ മേരി ജോസഫ് തിരഞ്ഞെടുക്കപ്പെട്ടത്.
ഇതാദ്യമായാണ് ഒരു മലയാളി, ഈ പദവിയിൽ എത്തുന്നത്. മാത്രമല്ല, ‘മിഷനറീസ് ഓഫ് ചാരിറ്റിയുടെ’ ഭാരതത്തിൽനിന്നുള്ള ആദ്യത്തെ അധ്യക്ഷകൂടിയാണ് സിസ്റ്റർ മേരി. പൊയ്യ പാറയിൽ പരേതരായ ദേവസി- കൊച്ചുത്രേസ്യ ദമ്പതികളുടെ മകളായ സിസ്റ്റർ മേരി 20-ാം വയസിലാണ് ‘മിഷനറീസ് ഓഫ് ചാരിറ്റിയി’ൽ അംഗമായത്. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ സിസ്റ്റർ ക്രിസ്റ്റീന, സിസ്റ്റർ സിസിലി, സിസ്റ്റർ ജുവാൻ, സിസ്റ്റർ പാട്രിക് എന്നിവർ കൗൺസിലർമാരായും തിരഞ്ഞെടുക്കപ്പെട്ടു.
‘മിഷനറീസ് ഓഫ് ചാരിറ്റി’യുടെ നാലാമത്തെ സുപ്പീരിയർ ജനറലാണ് സിസ്റ്റർ മേരി ജോസഫ്. മദർ തെരേസയുടെ വിയോഗത്തെ തുടർന്ന് 1997-2009 കാലഘട്ടത്തിൽ നേപ്പാൾ വംശജയായ സിസ്റ്റർ നിർമല ജോഷിയാണ് സന്യാസസമൂഹത്തെ നയിച്ചത്. തുടർന്ന് സുപ്പീരിയർ ജനറലായി തിരഞ്ഞെടുക്കപ്പെട്ട സിസ്റ്റർ പ്രേമ പിയറിക് ജർമൻ സ്വദേശിനിയാണ്. മദർ തെരേസ 1950ൽ സ്ഥാപിച്ച ‘മിഷനറീസ് ഓഫ് ചാരിറ്റി’ ഇന്ന് ലോകമെമ്പാടും വ്യാപിച്ച സന്യാസിനി സമൂഹമാണ്. അനാഥരും അഗതികളുമായ പതിനായിരക്കണക്കിന് ആളുകൾക്ക് താങ്ങും തണലുമായി മാറുന്ന ‘മിഷനറീസ് ഓഫ് ചാരിറ്റി’യിൽ വിവിധ രാജ്യക്കാരായ അയ്യായിരത്തിൽപ്പരം കന്യാസ്ത്രീകളാണുള്ളത്.
Sunday Shalom